കാലം ആവശ്യപ്പെടുന്നതാണ് മഹാപുരുഷന്മാരുടെ അവതാരം. അധര്‍മ്മത്തില്‍ നിന്ന് മാനവരാശിയെ അഭ്യുധാനം ചെയ്യുന്നതിന് കാലാകാലങ്ങളില്‍ പരംപൊരുള്‍ മനുഷ്യരൂപം എടുത്ത് അവതരിക്കാറുണ്ട്. നാം മാനവ രാശിയുടെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ അത് കാണാവുന്നതാണെന്ന് 170-ാമത് ശ്രീനാരായണ ഗുരു ജയന്തിയില്‍ സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. പലപ്പോഴും പല ദേശങ്ങളിലും ഇപ്രകാരമുള്ള അപാരപുരുഷന്മാര്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുവാനാണ് അവതരിക്കാറുള്ളത്. എന്നാല്‍ ശ്രീനാരായണ ഗുരുദേവന്റെ അവതാരമെന്ന് പറയുന്നത് പൂര്‍ണ്ണാവതാരമാണ്. കര്‍മ്മത്തിലും ഭക്തിയിലും രാജയോഗത്തിലും ജ്ഞാനയോഗത്തിലും ഒരേ പോലെ പരിപൂര്‍ണ്ണത മറ്റ് അവതാരങ്ങള്‍ക്ക് അഥവാ മഹത് മക്കള്‍ക്ക് കാണുവാന്‍ സാധിക്കില്ല. അന്ധമായ ഒരു വിലയിരുത്തലല്ല ഇത്. ഗുരുവിന്റെ ജീവിതം നാം നിഷ്പക്ഷമായി മുന്‍വിധിയില്ലാതെ നിരീക്ഷിക്കുകയും പഠിക്കുകയും പ്രാവര്‍ത്തികമാക്കി നോക്കുകയും ചെയ്താല്‍ ഇത് ബോധ്യമാവുമെന്നും സ്വാമി പറഞ്ഞു.
ചിലര്‍ക്ക് ഒരു ധാരണയുണ്ട്. ദേവന്മാരെക്കാളും താഴ്ന്ന തലത്തില്‍ അല്ലേ ഗുരു എന്ന്. അല്ല.കാരണം നമ്മുടെ ശാസ്ത്രങ്ങള്‍ അനുശാസിക്കുന്നത് ധാരാളം ലോകങ്ങളുണ്ട് എന്നാണ്. മനുഷ്യലോകം, പിതൃലോകം, ഗന്ധര്‍വ്വലോകം, സിദ്ധന്‍മാരുടെ ലോകം തുടങ്ങി ലോകങ്ങള്‍ പലതാണ്. എല്ലാം സൂക്ഷമലോകങ്ങളുമാണ്. ഗുരുവെന്ന ദൈവചിന്തനം എന്ന കൃതിയിലൂടെ ഇത് വൃക്തമാക്കുന്നുണ്ട്. ഒരു ലോകത്തില്‍ മാത്രം നിന്നു കൊണ്ട് ഒന്നിനെ വ്യക്തമാക്കാന്‍ സാധ്യമല്ല. ഇതിനെല്ലാം വെളിയില്‍ നിന്നു കൊണ്ട് വേണം ഓരോന്നിനേയും വിലയിരുത്താന്‍. ഗുരു മനുഷ്യശരീരം എടുത്തുവെന്ന് പറഞ്ഞുകൊണ്ട് മനുഷ്യന്റെ പരിമിതിയിലല്ല ഗുരു പ്രവര്‍ത്തിച്ചത്. പക്ഷേ അജ്ഞാനികളായ ആളുകള്‍ ഗുരുവിനെ അങ്ങനെ കാണുന്നു. അങ്ങനെ കാണുന്നവര്‍ നരകത്തില്‍ പോകുന്നു എന്ന് ജ്ഞാനികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഗുരുസാക്ഷാത്പരം ബ്രഹ്മ എന്ന തലത്തിലേയ്ക്ക് നമ്മള്‍ ഉണരുകയും ഉയരുകയും ചെയ്യുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥത്തില്‍ ഗുരുസ്വരൂപം വെളിപ്പെടുന്നതെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
ഗുരുസ്വരൂപം വെളിപ്പെട്ട് കിട്ടുന്ന വ്യക്തിയുടെ ഔചത്യവും ചെറുതല്ല. അയാളില്‍ അത്രമാത്രം സാധനയിലൂടെ പരിവര്‍ത്തനം സിദ്ധിച്ചിരിക്കും. ആന്തരികമായ പരിവര്‍ത്തനം സംഭവിക്കാത്തത് കൊണ്ട് യഥാര്‍ത്ഥ ഗുരുവിനെ മനസ്സിലാക്കാന്‍ സാധിക്കാത്തത് എന്ന് ഓര്‍മിപ്പിക്കുകയാണ്. അജ്ഞതയില്‍ ആണ്ട് കിടക്കുന്ന മാനവരാശിയെ ഉദ്ധരിക്കാന്‍ വേണ്ടിയാണ് ഗുരു അവതരിച്ചത്. മുമ്പ് സൂചിപ്പിച്ചതു പോലെ മനുഷ്യന്‍ അവന്റെ സ്വത്വബോധം നഷ്ടപ്പെടുമ്പോഴാണ് അവന്‍ മാനസികമായും ശാരീരികമായും അടിമത്വത്തില്‍ പെടുന്നതും പെടുത്തുന്നതും. ഭൗതികമായി സമത്വത്തേയും സ്വാതന്ത്ര്യത്തേയും സാഹോദര്യത്തേയും നാം കാംക്ഷിക്കുമ്പോള്‍ എന്ത് കൊണ്ട് അത് നടപ്പിലാക്കുവാന്‍ സാധിക്കുന്നില്ല എന്ന് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ചിന്ത എവിടെയാണ് തടസ്സപ്പെടുത്തുന്നത്. ബാഹ്യമായി ഇത് വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ ആന്തരികമായി ഓരോ വ്യക്തിയും മാറിയാലേ അഥവാ ഉണര്‍ന്നാലേ തിരിച്ചറിവ് ഉണ്ടാകൂ എന്ന് തിരിച്ചറിയാന്‍ നമ്മുടെ മുന്‍വിധികള്‍ നമ്മെ തടുക്കുന്നു. ഇവിടെയാണ് ശ്രീനാരായണഗുരുദേവന്റെ ജനനം കൊണ്ട്, ഗുരുവിന്റെ ഇടപെടല്‍ കൊണ്ട് സമൂഹത്തില്‍ ജനമനസ്സുകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ചതെന്നും സ്വാമി സാന്ദ്രാനന്ദ ഓര്‍മിപ്പിച്ചു.
എല്ലാ വര്‍ഷവും ഗുരുജയന്തിയും സമാധിയും വരുമ്പോള്‍ മാത്രം ആഘോഷങ്ങളും ആചാരവും നടത്തിയാല്‍ പോരാ. ഗുരു എന്തിന് വേണ്ടി നിലകൊണ്ട് ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നമ്മുടെ ഓരോരുത്തരുടേയും കടമയെന്തെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. ഗുരുവിന്റെ ജീവിതം എന്ത് കൊണ്ട് നമുക്ക് മാതൃകയാക്കിക്കൂടാ..170-ാമത് ജയന്തി ആഘോഷവേളയില്‍ നാം ഓരോരുത്തരും ചെയ്യേണ്ടത് ഗുരുവില്‍ ശ്രദ്ധയുള്ളവരായിരിക്കുക എന്നതാണ്. ഗുരുദേവന്റെ ദാര്‍ശനീക കൃതികളില്‍ സത്യബുദ്ധിയുള്ളവരായി ഭവിക്കണം. കൂടാതെ ഗുരുവാക്യത്തിലും സത്യബുദ്ധി ഉണ്ടായിരിക്കണമെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.