Grama Vartha

Gramavartha

ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നതോടൊപ്പം സംവരണവും നിലനില്‍ക്കും; രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രാജ്യവ്യാപകമായി പ്രതിഷേധം നടത്തും; ഡോ.രാജീവ്‌മേനോന്‍

Untitled 1

അമേരിക്കയില്‍ പോയി ഇന്ത്യയിലെ സംവരണം അവസാനിപ്പിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. മഹാനായ മനുഷ്യന്‍ ഡോ. ബാബാസാഹിബ് അംബേദ്കര്‍ ഭരണഘടനയിലൂടെ ദളിത് ആദിവാസി ഒബിസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയ സംവരണം ആര്‍ക്കും അവസാനിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നതോടൊപ്പം സംവരണവും നിലനില്‍ക്കുമെന്ന് ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു. സംവരണം അവസാനിപ്പിക്കണമെന്ന പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കെയാണ് രാഹുല്‍ഗാന്ധി സംവരണ വിഷയത്തില്‍ തന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കിയത്. നീതിയുക്തമായ ഒരിടമായി ഇന്ത്യ മാറുമ്പോള്‍ സംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സംവരണം ഇനിയും എത്രകാലം തുടരുമെന്ന ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, രാഹുല്‍ ഗാന്ധി എന്നിവരുടെ അമേരിക്കന്‍ സന്ദര്‍ശനം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ അടക്കം അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത് സംശയകരമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോയെന്ന സംശയം ഉള്‍പ്പടെ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ കല്ലുകടികള്‍ക്ക് കാരണമാകുന്നുണ്ട്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹിയിലും രാജ്യത്താകമാനവും വ്യാപക പ്രതിഷേധത്തിനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് ഡല്‍ഹിയില്‍ നിന്ന് തുടക്കം കുറിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റും കേന്ദ്രസാമൂഹ്യനീതി മന്ത്രിയുമായ രാംദാസ് അത്താവലെ അറിയിച്ചു.

Share this Article

Leave a Comment