തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജിൽ റാഗിങ് നടന്നതായി ആന്റി-റാഗിങ് കമ്മിറ്റിയുടെ അന്വേഷണം സ്ഥിരീകരിച്ചു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥികളായ ബിന്‍സ് ജോസും അഭിഷേകുമാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിനും പരാതി നൽകിയത്.
അന്വേഷണത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേരുടെ പങ്ക് വ്യക്തമായതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് റാഗിങ് നടന്നത് സ്ഥിരീകരിച്ചത്.
സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്നാരോപിച്ച് അഭിഷേകിനെ യൂണിയൻ ഓഫിസിലേക്ക് കൊണ്ടുപോയി മർദിച്ചു. ബിന്‍സ് ജോസിനോട് മുട്ടുകുത്തി നിൽക്കാൻ നിർബന്ധിച്ചപ്പോൾ, അതിനെ നിരസിച്ചതിനെ തുടർന്ന് മർദനമുണ്ടായി. അവനെ 15 മിനിറ്റ് മുട്ടുകുത്തി നിർത്തിയതായും, വെള്ളം ചോദിച്ചപ്പോൾ സീനിയര്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ കുപ്പി വെള്ളമെടുത്ത് അതിനുള്ളില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചതായും പരാതിയിൽ പറയുന്നു.
അവസാന വർഷ ബിഎസ്സി വിദ്യാർത്ഥികളായ അലന്, അനന്തന്, വേലു, ശ്രാവണ്‍, സല്മാന്, ഇമ്മാനുവല്‍, രണ്ടാം വർഷ വിദ്യാർത്ഥി പാർഥൻ എന്നിവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.