Grama Vartha

Gramavartha

എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 94 ഡോളറിലേക്ക്

Crude Oil

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുത്തനെ ഇടിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിപണി ഇതിനോട് പ്രതികരിച്ചു. എണ്ണവില കുറയുകയും ബോണ്ട് നിരക്കുകള്‍ ഉയരുകയും യുഎസ് ഓഹരി വിപണി കുതിച്ചുയരുകയും ചെയ്തു. ആഴ്ചകളോളം നീണ്ടുനിന്ന തടസ്സങ്ങള്‍ക്ക് ശേഷം എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന എണ്ണവില ഇടിഞ്ഞത് ഇന്ത്യയ്ക്കും ആശ്വാസമാകും. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടതായി വരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ മേഖലയില്‍ സമാധാനം പുലരുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ സജീവമാകുന്നത് എണ്ണവില കുറയാന്‍ ഇടയാക്കുമെന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാകും.

Share this Article

Leave a Comment