ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കടുത്ത പനിയെ തുടര്‍ന്ന് ആഗസ്ത് 19 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി.
ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാര്‍ശനിക വ്യക്തതയോടെ നിര്‍വഹിച്ച നേതാവായിരുന്നു യെച്ചൂരി.അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടില്‍ സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ്. 1974ല്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നു. ജെ എന്‍ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയില്‍ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാര്‍ട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആണ് യെച്ചൂരി. വാഗ്മിയും നയതന്ത്രജ്ഞനും ആയ യച്ചൂരി, നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസാര്‍ഹമായിരുന്നു