Grama Vartha

Gramavartha

കെ-ഫോൺ ഇനി രാജ്യവ്യാപകമായി: മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്റർനെറ്റ് സേവനം

Kfon

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഇനി രാജ്യത്ത് എവിടെയും ഇന്റര്‍നെറ്റ് എത്തിക്കാം. ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി എ) ലൈസന്‍സ് കെ ഫോണ്‍ സ്വന്തമാക്കി. കേരളത്തിലുടനീളം സജ്ജീകരിച്ച നെറ്റ്‌വര്‍ക്ക് സംവിധാനത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നെറ്റ്‌വര്‍ക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചും കെ ഫോണിന് ഇനി രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാനാകും.

സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞനിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുക ലക്ഷ്യമിട്ടാണ് കെ ഫോണ്‍ പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിപുലമായ നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഒരുക്കിയത്. മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി താരതമ്യം ചെയ്താല്‍ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കാണ് കെ ഫോണിനുള്ളത്. 3,1153 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഇതിനകം കെ ഫോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐഎസ്പി ലൈസന്‍സും ഐപി ഇന്‍ഫ്രാസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്) ലൈസന്‍സും നേരത്തെ സ്വന്തമാക്കിയിരുന്നു. കെ ഫോണ്‍ സംസ്ഥാനത്ത് ഇതിനകം 1,07,328 ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. 14,151 ബിപിഎല്‍ കുടുംബങ്ങളിലും 67,097 മറ്റു വീടുകളിലും 23,163 സര്‍ക്കാര്‍ ഓഫീസുകളിലുമാണ് ഇന്റര്‍നെറ്റ് എത്തിച്ചത്.

Share this Article

Leave a Comment