Grama Vartha

Gramavartha

ഇഷ്ടമുള്ളിടത്ത് കയറാം, ഇറങ്ങാം; ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് ബസുകളില്‍ സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്

Ksrtc New Bus

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളില്‍ സേവനം ഉപയോഗിക്കാം.
തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. ചലോ ആപ്പില്‍ നോക്കിയാല്‍ ബസ് വരുന്നത് അറിയാനാകും. നിശ്ചിത സ്ഥലത്ത് ഏതുസമയത്ത് എത്തുമെന്ന് അറിയാനാകും. അതിന് അനുസരിച്ച് സ്ഥലത്ത് എത്തണം. യാത്രക്കാരെ കാത്തുനില്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുതന്നെ ആദ്യമാണ് പൊതുഗതാഗതമേഖലയില്‍ ഇത്തരം സംവിധാനം.
പ്രധാനമായും അന്തര്‍സംസ്ഥാന റൂട്ടിലാണ് ഡൈനാമിക് പ്രൈസിങ് ഏര്‍പ്പെടുത്തുക. ബസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്പ് 50 ശതമാനം സീറ്റില്‍ താഴെയാണ് ബുക്കിങ്ങെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കും. യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ നിരക്കും വര്‍ധിക്കും. പരമാവധി 50 ശതമാനം നിരക്കുവരെയായിരിക്കും വര്‍ധന. ഓണ്‍ലൈന്‍, കൗണ്ടര്‍ടിക്കറ്റുകള്‍ക്ക് ഇത് ബാധകമാകും. ഉത്സവസീസണില്‍ സ്വകാര്യ ബസുകളില്‍ അഞ്ചിരട്ടി വരെ വര്‍ധനയുണ്ടാകാറുണ്ട്.

Share this Article

Leave a Comment