Grama Vartha

Gramavartha

ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾക്ക് റീഫണ്ട് ചെയ്യാവുന്ന ഡെപ്പോസിറ്റ് ഈടാക്കാം: ഹൈക്കോടതി നിർദേശം

Sabarimala

ശബരിമല മകരവിളക്ക് തീർത്ഥാടന കാലത്ത് വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള ഓരോ ബുക്കിങ്ങിനും നിശ്ചിത തുക റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റായി (തിരികെ നൽകുന്ന നിക്ഷേപം) ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേരള ഹൈക്കോടതി നിർദേശം. അനുവദിച്ച സമയത്തിനുള്ളിൽ ഭക്തർ എത്തിച്ചേരുകയാണെങ്കിൽ ഈ തുക തിരികെ നൽകാം. അല്ലെങ്കിൽ അത്രയും മൂല്യമുള്ള പ്രസാദം അവർക്ക് നൽകുകയോ ചെയ്യാമെന്നും കോടതി നിർദേശിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ ഈ തുക കണ്ടുകെട്ടും. അനാവശ്യമായ ബുക്കിങ്ങുകൾ ഒഴിവാക്കാനും, സ്ലോട്ടുകൾ ബ്ലോക്ക് ചെയ്യുന്നത് തടയാനും, അവസാന നിമിഷമുള്ള തിരക്ക് നിയന്ത്രിക്കാനും ഇത് സഹായിക്കും. പെരിയാർ ടൈഗർ റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ വരവ് മുൻകൂട്ടി മനസ്സിലാക്കാനും തിരക്ക് കുറയ്ക്കാനും ഇത്തരമൊരു സംവിധാനം സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കൂടാതെ, തിരക്ക് നിരീക്ഷിക്കുന്നതിനും അപകടങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും (തെർമൽ ഇമേജിംഗ് ഉൾപ്പെടെ), അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിനുമായി എഐ അധിഷ്ഠിത ഡ്രോണുകൾ വിന്യസിക്കുന്ന കാര്യം പരിഗണിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
പ്രധാന സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള വാഹന മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കൽ, നിലയ്ക്കലിനും പമ്പയ്ക്കും സമഗ്രമായ ഡിജിറ്റൽ പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ വികസനം, മുൻകൂട്ടി രജിസ്ട്രേഷനായി ഒരു പ്രത്യേക മൊബൈൽ ആപ്പ്, ആന്റി-ഡ്രോൺ സംവിധാനങ്ങളുടെ വിന്യാസം തുടങ്ങിയ നിർദേശങ്ങലും ഹൈക്കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്.

Share this Article

Leave a Comment