ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും. കേസില്‍ ആറാം ദിവസത്തെ വാദത്തിലേക്കാണ് കോടതി കടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാദം ഇന്ന് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റു മുതിര്‍ന്ന അഭിഭാഷകരുടെ വാദം പൂര്‍ത്തിയായാല്‍ സര്‍ക്കാരിനു വേണ്ടി, സീനിയർ അഭിഭാഷകന് ജയ്ദീപ് ഗുപ്ത വാദം ഉന്നയിക്കും.
യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ എന്നതിലുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്കിയ വാദങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല.
യുവതി പ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നാണ് തന്ത്രിയുടെ നിലപാട്. വിശ്വാസത്തെ, യുക്തി കൊണ്ട് പരിശോധിക്കാനാകില്ലെന്നും തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന് അഭിപ്രായപ്പെട്ടിരുന്നു.
കേസില്‍ കഴിഞ്ഞതവണ അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്, വി ഗിരി എന്നിവരുടെ വാദമാണ് കേട്ടത്. ഭരണഘടനാ തത്വങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളുടെ വിശ്വാസത്തില്‍ നിലപാടെടുക്കാനാകില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞതവണ നിരീക്ഷിച്ചിരുന്നു. കേസില്‍ എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായാല്‍, യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദവും ഈ ആഴ്ച നടന്നേക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ശബരിമല യുവതീ പ്രവേശനം: വാദം ആറാം ദിവസത്തിലേക്ക്
- Related News
- Latest News