Grama Vartha

Gramavartha

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Nitish kumar

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബീഹാര്‍ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാര്‍ സിന്‍ഹയും സാമ്രാട്ട് ചൗധരിയും ഇന്നലെ ഡല്‍ഹിയിലെത്തി. ഇവര്‍ നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, മാര്‍ച്ച് 30 ന് നിതീഷ് കുമാര്‍ ബീഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ (എംഎല്‍സി) നിന്നും രാജിവെച്ചിരുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് നിതീഷ് കുമാര്‍. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. നിതീഷ് രാജ്യസഭയിലെത്തുന്നതോടെ, കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്.
അതേസമയം, നിതീഷ് രാജിവെക്കുന്ന ഒഴിവില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി നേതൃയോഗം 13 ന് പട്‌നയില്‍ ചേരുമെന്നാണ് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പിന്‍ഗാമിയാകണമെന്ന് നിതീഷ് കുമാര്‍ നിര്‍ദേശം മുന്നോട്ടു വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിതീഷിന്റെ മകന്‍ ഉപമുഖ്യമന്ത്രിയായേക്കും. പുതിയ ബീഹാര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാര്‍ത്ത ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍ തള്ളിയിട്ടുണ്ട്.

Share this Article

Leave a Comment